നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിയാറായോ? RTO ഓഫീസിൽ പോയി മണിക്കൂറുകൾ വരിനിൽക്കേണ്ടി വരുമെന്നോർത്ത് ഇനി വിഷമിക്കേണ്ട. കേരളത്തിൽ ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർണ്ണമായും ഓൺലൈനായി ‘സാരഥി പരിവാഹൻ’ പോർട്ടൽ വഴി ചെയ്യാൻ കഴിയും. ഫേസ്ലെസ്സ് (Faceless) സേവനങ്ങളുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഇതിനെ മാറ്റിയതിനാൽ, നിങ്ങൾക്ക് വീട്ടിലിരുന്ന് ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ പുതിയ ലൈസൻസിന് അപേക്ഷിക്കാം.
വളരെ ചുരുക്കം ചില പ്രത്യേക സാഹചര്യങ്ങളിൽ (ഉദാഹരണത്തിന് ലൈസൻസ് കാലാവധി കഴിഞ്ഞ് ഒരു വർഷത്തിന് മുകളിൽ ആയാൽ) മാത്രമാണ് നിങ്ങൾക്ക് നേരിട്ട് ഓഫീസിൽ പോകുകയോ റീ-ടെസ്റ്റ് നടത്തുകയോ ചെയ്യേണ്ടി വരിക. ലൈസൻസ് എപ്പോൾ പുതുക്കണം, എന്തൊക്കെ രേഖകൾ വേണം, ഫീസ് എത്രയാണ് തുടങ്ങി സ്വന്തമായി ലൈസൻസ് പുതുക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ഈ ഗൈഡിൽ വിശദീകരിക്കുന്നു. ഞാൻ മുൻപ് പറഞ്ഞത് പോലെ K-SMART വഴി ജനന സർട്ടിഫിക്കറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്നതുപോലെ തന്നെ വളരെ ലളിതമാണ് സാരഥി വഴിയുള്ള ഈ പ്രോസസ്സും.
ഡ്രൈവിംഗ് ലൈസൻസ് എപ്പോൾ Renewal ചെയ്യണം?
ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ പുതുക്കാൻ അപേക്ഷ നൽകുന്നതാണ് എപ്പോഴും സുരക്ഷിതം. പരിവാഹൻ വെബ്സൈറ്റിലെ നിലവിലെ നിയമപ്രകാരം, ലൈസൻസ് എക്സ്പയർ ആകുന്നതിന് കൃത്യം ഒരു വർഷം മുൻപ് മുതൽ നിങ്ങൾക്ക് റിന്യൂവൽ അപേക്ഷ നൽകാൻ സാധിക്കും.
ലൈസൻസ് കാലാവധി കഴിഞ്ഞാലും അത് പുതുക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. എന്നാൽ കാലാവധി കഴിഞ്ഞ് ഒരു വർഷം പിന്നിട്ടാൽ പ്രക്രിയ അല്പം സങ്കീർണ്ണമാകും.
-
കാലാവധി കഴിഞ്ഞ് 1 വർഷത്തിനുള്ളിൽ: ലേറ്റ് ഫീ (പിഴ) അടച്ച് സാധാരണ പോലെ ലൈസൻസ് പുതുക്കാം.
-
കാലാവധി കഴിഞ്ഞ് 1 വർഷത്തിന് മുകളിൽ: ഈ സാഹചര്യത്തിൽ നിങ്ങൾ വീണ്ടും ലേണേഴ്സ് എടുക്കുകയും, ഡ്രൈവിംഗ് ടെസ്റ്റ് (Retest) പാസ്സാകുകയും ചെയ്താലേ പുതിയ ലൈസൻസ് ലഭിക്കൂ. ഇത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ എന്തൊക്കെയാണെന്ന് നോക്കാം
ഓൺലൈൻ ആപ്ലിക്കേഷൻ തുടങ്ങുന്നതിന് മുൻപ് താഴെ പറയുന്ന രേഖകൾ സ്കാൻ ചെയ്ത് ഫോണിലോ കമ്പ്യൂട്ടറിലോ ഫോൾഡർ ആക്കി സൂക്ഷിക്കുക:
-
നിങ്ങളുടെ നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസ് (മുന്നിലും പിന്നിലുമുള്ള വശങ്ങൾ).
-
പാസ്പോർട്ട് സൈസ് ഫോട്ടോയും വെള്ള പേപ്പറിൽ ഇട്ട ഒപ്പും (Signature).
-
Form 1 (Physical Fitness Declaration): 40 വയസ്സിന് താഴെയുള്ള നോൺ-ട്രാൻസ്പോർട്ട് (പ്രൈവറ്റ് വാഹനങ്ങൾ) ലൈസൻസ് ഉള്ളവർ സ്വന്തമായി പൂരിപ്പിച്ച് അപ്ലോഡ് ചെയ്യേണ്ട ഫിറ്റ്നസ് ഫോം.
-
Form 1A (Medical Certificate): 40 വയസ്സ് പൂർത്തിയായവരും, ട്രാൻസ്പോർട്ട് വാഹനങ്ങളുടെ (ഹെവി വെഹിക്കിൾ, ടാക്സി) ലൈസൻസ് പുതുക്കുന്നവരും നിർബന്ധമായും ഡോക്ടറെക്കൊണ്ട് പൂരിപ്പിച്ചു വാങ്ങേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ്.
-
ഓൺലൈനായി ഫീസ് അടക്കാൻ UPI, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് സൗകര്യം.
Driving Licence Online Renewal: Step-by-Step ഗൈഡ്
തെറ്റുകൾ കൂടാതെ ലൈസൻസ് പുതുക്കാനുള്ള മുഴുവൻ നടപടിക്രമങ്ങളും താഴെ നൽകുന്നു:
Step 1: ഔദ്യോഗിക Sarathi Parivahan വെബ്സൈറ്റ് തുറക്കുക
നിങ്ങളുടെ ബ്രൗസറിൽ ഇന്ത്യാ ഗവൺമെന്റിന്റെ ഔദ്യോഗിക പോർട്ടലായ parivahan.gov.in തുറക്കുക. ഇതിൽ ‘Online Services’ എന്ന മെനുവിൽ നിന്നും ‘Driving Licence Related Services’ എന്നത് തിരഞ്ഞെടുക്കുക.

Driving Licence Related Services എന്നത് ക്ലിക്ക് ചെയ്യുബോൾ വരുന്ന സ്ക്രീനിൽ നിങ്ങളുടെ സംസ്ഥാനം (Kerala) സെലക്ട് ചെയ്യുക.

Step 2: “Apply for DL Renewal” തിരഞ്ഞെടുക്കുക
കേരളത്തിന്റെ ഡാഷ്ബോർഡ് തുറന്നു വരുമ്പോൾ നിരവധി ഓപ്ഷനുകൾ കാണാം. അതിൽ നിന്നും ‘Apply DL for Renewal’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന നിർദ്ദേശങ്ങൾ വായിച്ച ശേഷം ‘Continue’ കൊടുക്കുക.

Step 3: ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ നൽകുക
പുതിയ പേജിൽ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നമ്പറും (ഉദാഹരണത്തിന്: KL01 20100000123) ജനന തീയതിയും (Date of Birth) കൃത്യമായി എന്റർ ചെയ്യുക. ക്യാപ്ച കോഡ് ടൈപ്പ് ചെയ്ത് ‘Proceed’ ചെയ്യുക. സ്ക്രീനിൽ നിങ്ങളുടെ ഫോട്ടോയും വിലാസവും ഉൾപ്പെടെയുള്ള ലൈസൻസ് വിവരങ്ങൾ വരും. ഇത് നിങ്ങളുടേത് തന്നെയാണെന്ന് ഉറപ്പുവരുത്തുക.

Step 4: e-KYC (ആധാർ വെരിഫിക്കേഷൻ) പൂർത്തിയാക്കുക
കേരളത്തിൽ ഫേസ്ലെസ്സ് സർവീസ് ആയതിനാൽ RTO ഓഫീസിൽ പോകാതിരിക്കാൻ ആധാർ വഴിയുള്ള ഓതന്റിക്കേഷൻ (e-KYC) സഹായിക്കും. ‘Submit via Aadhaar Authentication’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ആധാർ നമ്പറും അതിലേക്ക് വരുന്ന OTP-യും നൽകി വെരിഫൈ ചെയ്യുക. ( ഇനിയുള്ള സ്ക്രീൻ ഷോർട്ട് എനിക്ക് കാണിക്കാൻ പറ്റില്ല കാരണം എന്റെ ഡ്രൈവിംഗ് ലൈസൻസ് റിന്യൂ തീയതി ആയിട്ടില്ല )
Step 5: “Renewal of DL” സർവീസ് സെലക്ട് ചെയ്യുക
അടുത്ത സ്ക്രീനിൽ നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന സേവനങ്ങൾ ടിക്ക് ചെയ്യാൻ ചോദിക്കും. അതിൽ നിന്നും ‘RENEWAL OF DL’ എന്ന ബോക്സിൽ മാത്രം ടിക്ക് ചെയ്യുക. (നിങ്ങൾക്ക് വിലാസം മാറ്റണമെന്നുണ്ടെങ്കിൽ ‘Change of Address in DL’ കൂടി ടിക്ക് ചെയ്യാം). തുടർന്ന് ഫോമിൽ ചോദിക്കുന്ന അടിസ്ഥാന വിവരങ്ങൾ പൂരിപ്പിക്കുക.
Step 6: രേഖകൾ അപ്ലോഡ് ചെയ്യുക (Document Upload)
ഈ സ്റ്റെപ്പിലാണ് നിങ്ങൾ നേരത്തെ തയ്യാറാക്കി വെച്ച രേഖകൾ നൽകേണ്ടത്. Form 1, പഴയ ഡ്രൈവിംഗ് ലൈസൻസ് കോപ്പി, മെഡിക്കൽ സർട്ടിഫിക്കറ്റ് (Form 1A ബാധകമാണെങ്കിൽ മാത്രം) എന്നിവ PDF അല്ലെങ്കിൽ JPEG ഫോർമാറ്റിൽ അപ്ലോഡ് ചെയ്യുക. ഇതിനുശേഷം ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യാനുള്ള സ്ക്രീൻ വരും.
Step 7: ഓൺലൈനായി ഫീസ് അടയ്ക്കുക
എല്ലാ രേഖകളും സമർപ്പിച്ചു കഴിഞ്ഞാൽ ഫീസ് അടക്കാനുള്ള പേജിലേക്ക് പോകും. നോർമൽ റിന്യൂവൽ ഫീസ് (₹200), സ്മാർട്ട് കാർഡ് ഫീസ്, തപാൽ ചാർജ്, യൂസർ ഫീ എന്നിവ ഉൾപ്പെടെയുള്ള തുക ഇവിടെ കാണിക്കും. പേയ്മെന്റ് പൂർത്തിയായാൽ സ്ക്രീനിൽ വരുന്ന അക്നോളജ്മെന്റ് റെസീപ്റ്റ് (Application/Payment Receipt) ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
ഒഴിവാക്കേണ്ട 4 പ്രധാന അബദ്ധങ്ങൾ (Common Mistakes to Avoid)
ഓൺലൈനായി അപേക്ഷിക്കുമ്പോൾ പലരും വരുത്തുന്ന തെറ്റുകളും അവയ്ക്കുള്ള പരിഹാരങ്ങളും:
-
തെറ്റായ ലൈസൻസ് നമ്പർ ഫോർമാറ്റ്: പലരും KL 01 എന്ന് സ്പേസ് ഇട്ട് ടൈപ്പ് ചെയ്യുമ്പോൾ സിസ്റ്റം റെക്കോർഡ് കാണിക്കില്ല. പഴയ ലൈസൻസുകൾ ടൈപ്പ് ചെയ്യുമ്പോൾ
KL0120100001234എന്ന രീതിയിൽ സ്പേസ് ഇല്ലാതെ 15 അക്കങ്ങളായി വേണം ടൈപ്പ് ചെയ്യാൻ. -
വ്യാജ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത്: ഗൂഗിളിൽ തിരയുമ്പോൾ കാണുന്ന മറ്റ് സ്വകാര്യ വെബ്സൈറ്റുകളിൽ കയറി വ്യക്തിവിവരങ്ങൾ നൽകരുത്. ഇത് ഓൺലൈനായി സർട്ടിഫിക്കറ്റുകൾ സെർച്ച് ചെയ്യുമ്പോൾ പലർക്കും പറ്റുന്ന അബദ്ധമാണ്. എപ്പോഴും
parivahan.gov.inമാത്രം ഉപയോഗിക്കുക. -
കാലാവധി കഴിഞ്ഞ് ഒരു വർഷം കാത്തിരിക്കുന്നത്: ലൈസൻസ് കാലാവധി കഴിഞ്ഞാലും വണ്ടിയെടുക്കാത്തവർ അത് പുതുക്കാൻ മറന്നുപോകും. ഒരു വർഷം കഴിഞ്ഞാൽ പിന്നെ ഡ്രൈവിംഗ് ടെസ്റ്റ് (H എടുക്കലും റോഡ് ടെസ്റ്റും) വീണ്ടും ചെയ്യേണ്ടി വരും.
-
അംഗീകാരമില്ലാത്ത മെഡിക്കൽ സർട്ടിഫിക്കറ്റ്: Form 1A ഡോക്ടറെക്കൊണ്ട് പൂരിപ്പിക്കുമ്പോൾ, മോട്ടോർ വാഹന വകുപ്പിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഡോക്ടറെക്കൊണ്ട് തന്നെ സൈൻ ചെയ്യിക്കാൻ ശ്രദ്ധിക്കുക. അങ്ങനെയുള്ള ഡോക്ടർമാർക്ക് ഓൺലൈനായി തന്നെ സർട്ടിഫിക്കറ്റ് സിസ്റ്റത്തിലേക്ക് അപ്ലോഡ് ചെയ്യാൻ കഴിയും.
Pro Tips & Quick Troubleshooting
-
Payment പരാജയപ്പെട്ടാൽ: പണം ബാങ്കിൽ നിന്നും കട്ട് ആകുകയും എന്നാൽ സാരഥി പോർട്ടലിൽ സക്സസ് കാണിക്കാതിരിക്കുകയും ചെയ്താൽ ഉടനെ വീണ്ടും പണമടക്കരുത്. ഹോം പേജിലെ ‘Verify Pay Status’ ഓപ്ഷനിൽ പോയി ആപ്ലിക്കേഷൻ നമ്പർ നൽകി പേയ്മെന്റ് വെരിഫൈ ചെയ്യുക.
-
ആപ്ലിക്കേഷൻ സ്റ്റാറ്റസ് അറിയാൻ: ആഴ്ചകൾ കഴിഞ്ഞിട്ടും ലൈസൻസ് വീട്ടിൽ വന്നില്ലെങ്കിൽ, സാരഥി പോർട്ടലിലെ ‘Application Status’ എന്ന ഓപ്ഷനിൽ ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നൽകി നിലവിൽ നിങ്ങളുടെ അപേക്ഷ ഏത് ഉദ്യോഗസ്ഥന്റെ അടുത്താണ് പെൻഡിങ് ഉള്ളതെന്ന് കൃത്യമായി കണ്ടെത്താം.
-
ബ്രൗസർ പ്രശ്നങ്ങൾ: മൊബൈലിൽ ചെയ്യുമ്പോൾ ചിലപ്പോൾ ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടാം. ഗൂഗിൾ ക്രോമിലെ ‘Desktop Site’ ഓപ്ഷൻ ഓൺ ആക്കുകയോ കമ്പ്യൂട്ടർ ഉപയോഗിക്കുകയോ ചെയ്യുന്നതാണ് കൂടുതൽ എളുപ്പം.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ: ഒറ്റനോട്ടത്തിൽ
| അപേക്ഷകന്റെ സാഹചര്യം | ആവശ്യമുള്ള പ്രധാന രേഖകൾ | റീ-ടെസ്റ്റ് വേണമോ? | അധിക ഫീസ് (Late Fee) |
| കാലാവധിക്ക് മുൻപ് / 40 വയസ്സിന് താഴെ | പഴയ DL, Form 1 (Self Declaration) | ആവശ്യമില്ല | ഇല്ല (നോർമൽ ഫീസ് മാത്രം) |
| 40 വയസ്സിന് മുകളിൽ / Transport DL | പഴയ DL, Form 1A (Medical Certificate) | ആവശ്യമില്ല | ഇല്ല |
| കാലാവധി കഴിഞ്ഞ് 1 വർഷത്തിനുള്ളിൽ | പഴയ DL, Form 1 / 1A | ആവശ്യമില്ല | വർഷത്തിന് ₹300 രൂപ പിഴ വരും |
| കാലാവധി കഴിഞ്ഞ് 1 വർഷത്തിന് മുകളിൽ | പഴയ DL, Form 1 / 1A, ലേണേഴ്സ് പാസ്സാകണം | നിർബന്ധമാണ് | പിഴകൾക്ക് പുറമെ ടെസ്റ്റ് ഫീസും വരും |
Frequently Asked Questions (പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ)
1. പഴയ ബുക്ക് രൂപത്തിലുള്ള ലൈസൻസ് ഓൺലൈനായി പുതുക്കാൻ കഴിയുമോ?
തീർച്ചയായും കഴിയും. പഴയ ലൈസൻസുകൾ സാരഥി പോർട്ടലിൽ ബാക്ക്-ലോഗ് എൻട്രി (DL Backlog Entry) ചെയ്ത് ഡിജിറ്റൽ ആക്കിയ ശേഷം സാധാരണ പോലെ ഓൺലൈനായി പുതുക്കാൻ സാധിക്കും.
2. മെഡിക്കൽ സർട്ടിഫിക്കറ്റ് (Form 1A) എല്ലാവർക്കും നിർബന്ധമാണോ?
അല്ല. പ്രൈവറ്റ് വാഹനങ്ങൾ ഓടിക്കുന്ന, 40 വയസ്സിന് താഴെ പ്രായമുള്ള ആളുകൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അവർക്ക് Form 1 (Self Declaration) മതിയാകും. എന്നാൽ ഹെവി ലൈസൻസ് ഉള്ളവർക്കും 40 വയസ്സ് കഴിഞ്ഞവർക്കും ഇത് നിർബന്ധമാണ്.
3. അപേക്ഷ നൽകി കഴിഞ്ഞാൽ പുതിയ ലൈസൻസ് എപ്പോൾ കയ്യിൽ കിട്ടും?
RTO ഓഫീസിൽ നിന്നും അപ്രൂവൽ ലഭിച്ചാൽ ഉടൻ തന്നെ നിങ്ങൾക്ക് mParivahan ആപ്പിലോ ഡിജിലോക്കറിലോ ഡിജിറ്റൽ ലൈസൻസ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പ്രിന്റിംഗ് പ്രതിസന്ധികൾ ഇല്ലെങ്കിൽ സ്മാർട്ട് കാർഡ് ലൈസൻസ് സ്പീഡ് പോസ്റ്റ് വഴി നിങ്ങളുടെ വീട്ടിലെ വിലാസത്തിൽ 2 മുതൽ 4 ആഴ്ചകൾക്കുള്ളിൽ എത്തും.
4. ലൈസൻസ് പുതുക്കാൻ എത്ര രൂപയാണ് ഫീസ് വരുന്നത്?
സാധാരണ ഗതിയിൽ ഡ്രൈവിംഗ് ലൈസൻസ് റിന്യൂവൽ ഫീസ് ₹200 രൂപയാണ്. ഇതിനൊപ്പം സ്മാർട്ട് കാർഡ് ഫീസ് (₹200), പോസ്റ്റൽ ചാർജ്, സർവീസ് ചാർജ് എന്നിവ കൂട്ടി ഏകദേശം ₹500 – ₹550 രൂപയോളമാണ് നിലവിൽ കേരളത്തിൽ ഓൺലൈനായി അടക്കേണ്ടി വരുന്നത്. അപേക്ഷ വൈകുന്നതിന് അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരും.
(ശ്രദ്ധിക്കുക: മോട്ടോർ വാഹന വകുപ്പിന്റെ നിയമങ്ങളിലും ഫീസുകളിലും ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. ഔദ്യോഗിക വിവരങ്ങൾക്ക് എപ്പോഴും പരിവാഹൻ വെബ്സൈറ്റ് സന്ദർശിക്കുക.)


